ആഗസ്‌റ്റ്‌ 14, സാമൂഹിക സുരക്ഷാദിനം; അറിഞ്ഞിരിക്കാം കേരള സാമൂഹ്യ സുരക്ഷ മിഷന്റെ പദ്ധതികളെപ്പറ്റി

ആഗസ്‌റ്റ്‌ 14, സാമൂഹിക സുരക്ഷാദിനം; അറിഞ്ഞിരിക്കാം കേരള സാമൂഹ്യ സുരക്ഷ മിഷന്റെ പദ്ധതികളെപ്പറ്റി

(www.mykasaragod.com 14.08.2020) ഏതൊരു പ്രതിസദ്ധി ഘട്ടത്തിലും സര്‍ക്കാറിന്റെ സഹായം കാത്ത്‌ നില്‍ക്കുന്നവരാണ്‌ നമ്മള്‍ മലയാളികള്‍. എന്നാല്‍ പൊതുവെ സര്‍ക്കാറിന്റെ സഹായ പദ്ധതികളെ കുറിച്ച്‌ വ്യക്തമായൊരു അറിവ്‌ നമുക്കില്ലാതെ പോകുന്നു. ഓരോ ജീവനും കൈത്താങ്ങായി നമുക്ക്‌ മുന്നില്‍ നില്‍ക്കുന്ന സഹായഹസ്‌തങ്ങളെ ഇനിയെങ്കിലും അറിയാതെ പോകരുത്‌. കേരള സാമൂഹ്യ സുരക്ഷ മിഷന്റെ കീഴിലുള്ള ചില പദ്ധതികളെ കുറിച്ചുള്ള അറിവാവട്ടെ ഈ സാമൂഹിക സുരക്ഷാദിനത്തില്‍...



1. ക്യാന്‍സര്‍ സുരക്ഷ (Cancer Suraksha)
18 വയസ്സിന്‌ താഴെയുള്ള ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക്‌ സൗജന്യ ചികിത്സ നല്‍കുന്ന പദ്ധതിയാണ്‌ ക്യാന്‍സര്‍ സുരക്ഷാ പദ്ധതി.

2. താലോലം (Thalolam)
18 വയസ്സിന്‌ താഴെ പ്രായമുള്ള കുട്ടികള്‍ക്ക്‌ ഹൃദയ സംബദ്ധമായ രോഗങ്ങള്‍, നാഡീരോഗങ്ങള്‍ ,സെറിബ്രല്‍പാള്‍സി, ഓട്ടിസം, അസ്ഥി വൈകല്യങ്ങള്‍, എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ രോഗങ്ങള്‍, ഡയാലിസിസ്‌, ശസ്‌ത്രക്രിയ അടക്കമുള്ള ചികിത്സാ ചെലവ്‌ വഹിക്കുന്ന പദ്ധതിയാണ്‌ താലോലം.

3. ശ്രുതിതരംഗം (Sruthitharangam)
കോക്ലിയര്‍ ഇംപ്ലാന്റേഷനായി പ്രാദേശിക, സംസ്ഥാനതല സാങ്കേതിക സമിതികള്‍ തിരഞ്ഞെടുത്ത കുട്ടികള്‍ക്ക്‌ കോക്ലിയര്‍ ഇംപ്ലാന്റ്‌ നല്‍കുക, സാമ്പത്തിക സഹായം നല്‍കുക എന്നിവയാണ്‌ ശ്രുതിതരംഗം-കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ പദ്ധതി.

4. ഹംഗര്‍ഫ്രീ സിറ്റി പദ്ധതി (Hunger-Free City Project)
ഒരു നഗരത്തിലെ നിയുക്ത കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്ക്‌ ദിവസത്തില്‍ ഒരിക്കല്‍ ഉയര്‍ന്ന സബ്‌സിഡി നല്‍കുന്ന ഭക്ഷണം നല്‍കാനാണ്‌ ഈ പദ്ധതി ലക്ഷ്യമിടുന്നത്‌. കോഴിക്കോട്‌, മലപ്പുറം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇതിനോടകം ഈ പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞു. ഉച്ചഭക്ഷണ സമയത്ത്‌ പച്ചക്കറി കറിയോടൊപ്പം അരി അടിസ്ഥാനമാക്കിയുള്ള ഭക്ഷണം നല്‍കാനാണ്‌ ഉദ്ധേശിക്കുന്നത്‌.

5.വയോമിത്രം (Vayomithram)
സംസ്ഥാനത്തെ കോര്‍പ്പറേഷന്‍/ മുനിസിപ്പല്‍ ഏരിയകളില്‍ താമസിക്കുന്ന 65 വയസ്സിന്‌ മുകളില്‍ പ്രായമായവര്‍ക്ക്‌ ആരോഗ്യ പരിരക്ഷയും പിന്തുണയും നല്‍കുന്ന പദ്ധതിയാണ്‌ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ നടപ്പിലാക്കുന്ന വയോമിത്രം പദ്ദതി. മൊബൈല്‍ ക്ലിനിക്കുകള്‍, പാലിയേറ്റീവ്‌ കെയര്‍, കൗണ്‍സിലിംഗ്‌ സേവനം, വാര്‍ദ്ധക്യത്തിലേക്ക്‌ ഹെല്‍പ്പ്‌ ഡെസ്‌ക്ക്‌ എന്നിവയിലൂടെ ഈ പദ്ധതി പ്രധാനമായും സൗജന്യ മരുന്നുകള്‍ നല്‍കുന്നു.

6. കാരുണ്യ ഡെപ്പോസിറ്റ്‌ പദ്ധതി (Karunya Deposit Project)
പ്രത്യേക സ്‌കൂളുകളില്‍ ചേരുന്ന അല്ലെങ്കില്‍ അനാഥാലയങ്ങളിലെ/സ്ഥാപനങ്ങളിലെ അന്തേവാസികളായ ശാരീരികമോ മാനസികമോ ആയ വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മെഡിക്കല്‍, വിദ്യാഭ്യാസ പിന്തുണയ്‌ക്കായി വിഭവങ്ങള്‍ സ്വരൂപിക്കുന്നതിനാണ്‌ ഈ പദ്ധതി. കുറഞ്ഞത്‌ ഒരു രൂപയെങ്കിലും നിക്ഷേപിക്കാന്‍ തയ്യാറുള്ള നിക്ഷേപകരെ ആകര്‍ഷിക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം.

7.സ്‌നേഹസാന്ത്വനം (Sneha Santhwanam)
സംസ്ഥാനത്തെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള ദുരിതാശ്വാസ നടപടിയായാണ്‌ ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത്‌. ഇത്‌ പ്രകാരം കിടപ്പിലായ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക്‌ 2200 രൂപയും മറ്റെല്ലാ സള്‍ഫാന്‍ ഇരകള്‍ക്കും 1200 രൂപയും ധനസഹായം നല്‍കുന്നു. ഇതിനു പുറമെ പ്രത്യേക ആശ്വാസ കിരണം പദ്ധതി പ്രകാരം പൂര്‍ണമായും കിടപ്പിലായ അല്ലെങ്കില്‍ മാനസിക വൈകല്യമുള്ള എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ പരിചരണം നല്‍കുന്നവര്‍ക്ക്‌ കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ പ്രതിമാസം 700 രൂപ ധനസഹായം നല്‍കുന്നു.

8. കെയര്‍ ഗിവേഴ്‌സ്‌ ഫോര്‍ ഇന്‍സ്‌റ്റിറ്റിയൂഷന്‍ പദ്ധതി (Care Givers for Institutions)
ഓല്‍ഡ്‌ ഏജ്‌ ഹോം, ആശാ ഭവന്‍ തുടങ്ങിയ ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക്‌ പരിചരണ ദാതാക്കളെ നല്‍കുന്നതിനുള്ള ഒരു പൈലറ്റ്‌ പ്രോഗ്രാം ആണ്‌ കെയര്‍ ഗിവേഴ്‌സ്‌ ഫോര്‍ ഇന്‍സ്‌റ്റിറ്റിയൂഷന്‍ പദ്ധതി.

9.സമാശ്വാസം (Samaswasam)
വൃക്ക തകരാര്‍ സംഭവിച്ച്‌ സ്ഥിരമായി ഡയാലിസിസില്‍ ഏര്‍പ്പെടുന്നവര്‍, വൃക്ക, കരള്‍ മാറ്റിവെക്കല്‍ സര്‍ജറിക്ക്‌ വിധേയരായവര്‍, ഹീമോഫീലിയ രോഗികള്‍, സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍ എന്നിവര്‍ക്ക്‌ പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ്‌ സമാശ്വാസം.

Keywords: Kerala, Social Security Mission, Cancer, Thalolam, Sruthitharangam, Hunger-Free City, Vayomithram, Karunya Deposit, Samaswasam, Kidney, Liver, Endosulfan, Mentally, Programme, Funding, Help, Relief, Food, Mobile Clinic, Palliative Care, Diseases, Dialysis.
ad