എന്താണ്‌ ലൈഫ്‌ മിഷന്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം

എന്താണ്‌ ലൈഫ്‌ മിഷന്‍; ആര്‍ക്കൊക്കെ അപേക്ഷിക്കാം

കാസറഗോഡ്‌: (www.mykasaragod.com 16.08.2020) അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്ന ലക്ഷ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ്‌ പാര്‍പ്പിട സുരക്ഷാ പദ്ധതി അഥവാ ലൈഫ്‌ മിഷന്‍ പദ്ധതി.

മെച്ചപ്പെട്ട ഭവനത്തോടൊപ്പം ഉപജീവനമാര്‍ഗ്ഗവും നല്‍കുന്നതാണ്‌ ഈ പദ്ധതി. പുറമ്പോക്ക്‌, തീരദേശ തോട്ടം പ്രദേശങ്ങളില്‍ ഷെഡ്‌ നിര്‍മിച്ച്‌ കഴിയുന്നവര്‍ തുടങ്ങി സ്വന്തമായി വീടോ, ഭൂമിയോ ഇല്ലാത്ത എല്ലാവരെയും ഉള്‍പ്പെടുത്തും എന്നൊരു പ്രത്യോകത കൂടി ഈ പദ്ധതിക്കുണ്ട്‌. 

നിശ്ചയിക്കപ്പെട്ട ഗുണഭോക്താക്കളില്‍ നിന്ന്‌ മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍, അഗതികള്‍, അംഗവൈകല്യം ഉള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, അവിവാഹിതരായ അമ്മമാര്‍, അപകടത്തില്‍പ്പെട്ട്‌ ജോലിയും വരുമാനവും നഷ്ടപ്പെട്ടവര്‍, വിധവകള്‍ എന്നിവര്‍ക്കാണ്‌ ഈ പദ്ധതിയിലൂടെ മുന്‍ഗണന ലഭിക്കുക.

നിലവില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മറ്റ്‌ ഭവന പദ്ധതികളെ സംയോജിപ്പിച്ച്‌ ലൈഫ്‌ മിഷന്റെ കീഴില്‍ കൊണ്ടുവന്നാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. റേഷന്‍ കാര്‍ഡ്‌, ആധാര്‍കാര്‍ഡ്‌, പട്ടികജാതി പട്ടികവര്‍ഗമാണെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ്‌, വില്ലേജ്‌ ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ വരുമാന സര്‍ട്ടിഫിക്കറ്റ്‌, മുന്‍ഗണനാ വിഭാഗം ആണെങ്കില്‍ അത്‌ തെളിയിക്കുന്ന രേഖകള്‍ എന്നിവയാണ്‌ ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ അപേക്ഷിക്കാന്‍ വേണ്ട രേഖകള്‍.

Keywords: Kerala, Government, Life Mission, House, Land, Apply, Landless, Safe, Livelihood, Diseases, Exodus, Blind, Priority, Ration Card, Adhar Card, Certificate, Documents.
ad