ചരിത്രത്തിലേക്കൊരു എത്തിനോട്ടം; കാസറഗോഡ്‌ ജില്ല രൂപീകൃതമായതെങ്ങനെ?

ചരിത്രത്തിലേക്കൊരു എത്തിനോട്ടം; കാസറഗോഡ്‌ ജില്ല രൂപീകൃതമായതെങ്ങനെ?

കാസറഗോഡ്:(www.mykasaragod.com 13.08.2020) ഒന്‍പതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയില്‍ ഈ പ്രദേശവുമായി നിരന്തരം വ്യാപാരബന്ധത്തിലേര്‍പ്പെട്ടിരുന്ന അറബികള്‍ ഈ തുറമുഖ പ്രദേശത്തെ മുമ്പ്‌ ''ഹാര്‍ക്ക്‌ വില്ലിയ" എന്നാണ്‌ വിളിച്ചിരുന്നത്‌. 

പോര്‍ച്ചുഗീസ്‌ സഞ്ചാരിയായ ബാര്‍ബോസ്‌ 1514-ല്‍ കുമ്പള സന്ദര്‍ശിച്ചപ്പോള്‍, ഇവിടുന്ന അരി കയറ്റുമതി ചെയ്‌തതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ഇന്നത്തെ കാസറഗോഡ്‌ മുമ്പ്‌ കുമ്പള രാജ്യത്തിന്റെ ഭാഗമായിരുന്നു. വിജയനഗരസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിമാര്‍ കാസറഗോഡ്‌ ആക്രമിക്കുന്ന സമയത്ത്‌ ഇവിടെ നീലേശ്വരം ആസ്ഥാനമാക്കി നാടുവാണിരുന്ന കോലത്തിരി രാജാക്കന്മാരുടെ ഭരണത്തിലായിരുന്നു. വിജയനഗരസാമ്രാജ്യത്തിന്റെ പതനകാലത്ത്‌ ഇക്കേരി നായ്‌ക്കന്മാരുടെ കോയ്‌മയിലായിരുന്നു ഭരണകാര്യങ്ങള്‍ നടത്തിയിരുന്നത്‌. 

1645ല്‍ ശിവനായ്‌ക്ക്‌ നിര്‍മിച്ചതാണ്‌ ചന്ദ്രഗിരി, ബേക്കല്‍ കോട്ടകള്‍ എന്ന്‌ കരുതപ്പെടുന്നു. ഹൈദരാലിയും മകന്‍ ടിപ്പുസുല്‍ത്താനും പല പ്രാവശ്യം ഈ പ്രദേശങ്ങള്‍ ആക്രമിച്ചിട്ടുണ്ട്‌. ടിപ്പുവിന്റെ മരണശേഷം 1799-ല്‍ ഈ പ്രദേശങ്ങല്‍ ബ്രീട്ടീഷുകാരുടെ അധീനതയിലാവുകയും പിന്നീട്‌ 1882-ല്‍ മദ്രാസ്‌ പ്രസിഡന്‍സിയുടെ കീഴില്‍ കാസറഗോഡ്‌ താലൂക്ക്‌ ആദ്യമായി നിലവില്‍ വരികയും ചെയ്‌തു. 1956 നവംബറില്‍ ഭാഷാടിസ്ഥാനത്തിലുണ്ടായ സംസ്ഥാന പുന:സംഘടനയെത്തുടര്‍ന്ന്‌, മദ്രാസ്‌ സംസ്ഥാനത്തുള്‍പ്പെട്ടിരുന്ന ഈ പ്രദേശം കേരളത്തില്‍ അന്നത്തെ മലബാര്‍ ജില്ലയുടെ ഭാഗമാവുകയും പിന്നീട്‌ 1957 ജനുവരി ഒന്നിന്‌ കണ്ണൂര്‍ ജില്ലയുടെ ഭാഗമാവുകയും ചെയ്‌തു. 

തുടര്‍ന്ന്‌ 1984 ല്‍ കണ്ണൂര്‍ ജില്ലയിലെ കാസറഗോഡ്‌, ഹോസ്‌ദുര്‍ഗ്‌ താലൂക്കുകള്‍ ചേര്‍ന്ന്‌ കാസറഗോഡ്‌ ജില്ല രൂപീകരിക്കപ്പെടുകയായിരുന്നു.


Keywords: Kasaragod, Formation, District, Trade, Hark Williya, Tippu Sulthan, Bekal Fort, Kumbala, British, Attacked, Madras, Presidency, State, Malabar, Kannur, District, Hosdurg, Language.
ad