പൂരം: അത്‌ വടക്കന്‍ കേരളത്തിന്റെ പ്രണയസാഫല്യം

പൂരം: അത്‌ വടക്കന്‍ കേരളത്തിന്റെ പ്രണയസാഫല്യം

(www.mykasaragod.com 13.08.2020 ) കേരളത്തിന്‌ പൂരം എന്നത്‌ എന്നും തൃശൂര്‍പൂരം മാത്രമാണ്‌. എന്നാല്‍ മലയാളികള്‍ ഇന്നും അറിയാതെ പോയൊരു തനത്‌ ആരാധനയുണ്ട്‌ ഇവിടെ വടക്കന്‍ കേരളത്തില്‍. കേള്‍ക്കാന്‍ ആരും കൊതിച്ചുപോകുന്നൊരു കാമദേവന്റെ കഥ. വസന്തോത്സവത്തിന്റെ വരവറിയിക്കുന്നതോടൊപ്പം നാടെങ്ങും കാമദേവനെ പൂവിട്ട്‌ പൂചിക്കുന്ന ചടങ്ങുകള്‍.അതാണ്‌ വടക്കന്‍ കേരളത്തിന്റെ, പ്രത്യേകിച്ച്‌ കാസറഗോഡിന്റെ പൂരം. തെക്കന്‍ കേരളത്തെ അപേക്ഷിച്ച്‌ ഏറെ വ്യത്യസ്‌തവും കൗതുകമുണര്‍ത്തുന്നതുമാണ്‌ വടക്കന്‍ കേരളത്തിന്റെ പൂരോത്സവം.

കാമദേവ പൂജയാണ്‌ ഇവിടുത്തെ പൂരത്തിന്റെ പ്രത്യേകത. കാമദേവനുമായുള്ള ബന്ധം എന്നപോലെ കന്യകമാരുടെ ആഘോഷമായിട്ടാണ്‌ പൂരം കണക്കാക്കപ്പെടുന്നത്‌. കൈലാസ നാഥന്റെ കോപാഗ്നിയില്‍ ഞെരിഞ്ഞ്‌ അശരീരനായി തീര്‍ന്ന കാമദേവനെ കന്യകമാര്‍ പൂവിട്ട്‌ പൂജിക്കുന്നത്‌ വടക്കന്‍കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്‌. ഹൈന്ദവ വീടുകളില്‍ കാര്‍ത്തിക മുതലുള്ള ഒമ്പത്‌ നാളുകളില്‍ കന്യകമാര്‍ പൂവിടുകയും ഒമ്പതാം നാളില്‍ നരയന്‍പൂവ്‌ കൊണ്ട്‌ കാമദേവന്റെ രൂപം ഉണ്ടാക്കി പൂജിക്കുകയും ചെയ്യുന്നു. കാമദേവനെ ഒരുക്കുന്നത്‌ പ്രധാനമായും നരയന്‍പൂവ്‌ കൊണ്ടാണെങ്കിലും പൂരം നാളുകളില്‍ കുട്ടികള്‍ ചെമ്പകപ്പൂവ്‌, മുരിക്കിന്‍ പൂവ്‌, അതിരാണി പൂവ്‌ എന്നിവയും കാമദേവനെ പൂജിക്കാന്‍ ഉപയോഗിക്കുന്നു. പത്താം നാളില്‍ പൂരക്കഞ്ഞി (കാമദേവന്റെ ഇഷ്ടഭക്ഷണം) ഒരുക്കി ചടങ്ങുകള്‍ പ്രകാരം കാമദേവന്റെ രൂപം എടുത്ത്‌ കിണറ്റിന്‍ കരയിലെ പ്ലാവിന്‍ ചുവട്ടില്‍ കൊണ്ട്‌ വെച്ച്‌ അടുത്ത തവണ നേരത്തെ കാലത്തേ വരണേ കാമാ എന്ന്‌ ഉരുവിട്ട്‌ കുളിച്ച്‌ വരുന്നതോടെ കാമദേവന്റെ അനുഗ്രഹം സിദ്ധിച്ചതായി കണക്കാക്കുന്നു.


Keywords: Kerala, Pooram, Love, Flower, success, Worship, Story, Food, Form, Well, Blessing.

ad